നൽകിയ:
www.classstruggle.ml
Marxists.org ൽ പ്രസിദ്ധീകരിച്ചത്: 3 ഏപ്രിൽ 2020.
"ഇപ്പോള്‍ ഒരു പുതിയ ചോദ്യം ഉയര്‍ന്നു വന്നിരിക്കുന്നു. സര്‍വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനുമായ ഒരു ദൈവത്തെ അംഗീകരിക്കാന്‍ എനിക്ക് സാധിക്കാത്തത് എന്‍റെ അഹങ്കാരം കൊണ്ടായിരിക്കുമോ? ഇത്തരം ഒരു ചോദ്യം നേരിടേണ്ടി വരിക എന്നത് ഒരിക്കലും എന്‍റെ സങ്കല്‍പ്പങ്ങളില്‍ പോലും ഉള്ള കാര്യം ആയിരുന്നില്ല. എന്‍റെ ദൈവ നിഷേധത്തെ അഹങ്കാരത്തിന്‍റെ പരകോടിയായി ചില സുഹൃത്തുക്കള്‍ - അവരെ അങ്ങനെ കരുതാം എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു - നോക്കിക്കാണുന്നു എന്ന് അവരുമായുള്ള വളരെ ചുരുങ്ങിയ ചില സംഭാഷണങ്ങളില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ഗുരുതരമായ പ്രശ്നമായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ഒരു മനുഷ്യനാണ്, അതുകൊണ്ടുതന്നെ മാനുഷികമായ എല്ലാ സ്വഭാവ വിശേഷങ്ങളും എനിക്കും ബാധകമാണ്. മനുഷ്യരാരും തന്നെ ഇത്തരം വികാരങ്ങളില്‍ നിന്ന് മുക്തരല്ല, ആവാന്‍ സാധിക്കുകയും ഇല്ല. അഹങ്കാരം എന്‍റെ സ്വഭാവത്തിന്‍റെ ഒരു ഭാഗവും ഒരു ദൌര്‍ബല്യവും ആയി ഞാന്‍ അംഗീകരിക്കുന്നു. എന്‍റെ സഖാക്കള്‍ പലപ്പോഴും എന്നിലെ ഏകാധിപത്യ പ്രവണത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്‍റെ സുഹൃത്തായ ശ്രീ ബി.കെ.ദത്ത് തന്നെ പലപ്പോഴും ഇത് എടുത്തുപറഞ്ഞിട്ടുമുണ്ട്. മനപ്പൂര്‍വം അല്ലെങ്കില്‍ കൂടി ഞാന്‍ പല സമയങ്ങളിലും എന്‍റെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ചില സഖാക്കള്‍ എന്നോട് പരാതിപ്പെട്ടിട്ടുണ്ട്. ഇവയൊന്നും തന്നെ ഞാന്‍ പൂര്‍ണമായി നിഷേധിക്കുന്നില്ല. ഒരു പക്ഷെ ഇതൊക്കെ എന്നിലെ അഹങ്കാരത്തിന്‍റെ ഭാഗമായിരിക്കാം. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ ആശയങ്ങളില്‍ എനിക്ക് അഹങ്കാരമുണ്ട്. എന്നാല്‍ അതൊരിക്കലും വ്യക്തിപരമല്ല. ഒരുപക്ഷേ ഇവിടെ 'അഹങ്കാരം' എന്നതിലും യോജിക്കുക 'അഭിമാനം' എന്ന വാക്കായിരിക്കും. ഒരു വ്യക്തിയില്‍ അനാവശ്യമായി അഭിമാനം അധികരിക്കുമ്പോള്‍ അല്ലേ നമ്മള്‍ അതിനെ അഹങ്കാരം എന്ന് വിളിക്കുക. അതുപോലെയുള്ള ഒരു അനാവശ്യ അഭിമാന ബോധമാണോ അതോ സൂക്ഷ്മമായ വീണ്ടുവിചാരം ആണോ എന്നെ ഒരു ദൈവനിഷേധി ആക്കിയത് എന്നതാണ് ഞാന്‍ ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അഭിമാന ബോധവും അഹങ്കാരവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ് എന്ന് ആദ്യം തന്നെ ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ.
അഹങ്കാരം ഒരു മനുഷ്യനെ എങ്ങനെയാണ് ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ നിന്ന് തടയുക
എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരു വിഷയത്തില്‍ അര്‍ഹതയില്ലാത്ത അംഗീകാരങ്ങള്‍
നേടിയ ഒരാള്‍ ദുരഭിമാനം കാരണം അതേ വിഷയത്തിലുള്ള മറ്റൊരുവന്‍റെ യഥാര്‍ത്ഥ മഹത്വം
അംഗീകരിക്കാന്‍ ചിലപ്പോള്‍ തയ്യാറായില്ല എന്ന് വരാം. എന്നാല്‍ വിശ്വാസി ആയ
ഒരുവന്‍ എങ്ങനെയാണ് അഭിമാനം വര്‍ദ്ധിച്ച് അവിശ്വാസി ആവുന്നത്?. രണ്ടേ രണ്ടു
വഴികളേ ഉള്ളൂ. ഒന്നുകില്‍ അയാള്‍ ദൈവത്തിനു ഒരു എതിരാളി ആയി സ്വയം ഉയര്‍ന്നു
എന്ന് തോന്നലുണ്ടാവണം, അല്ലെങ്കില്‍ അയാള്‍ സ്വയം ദൈവമായി സങ്കല്‍പ്പിക്കണം.
രണ്ടു സാഹചര്യത്തിലും അയാള്‍ നിരീശ്വര വാദി ആവുന്നില്ല. ആദ്യത്തെ സാഹചര്യത്തില്‍
അയാള്‍ സ്വന്തം എതിരാളിയുടെ അസ്തിത്വം നിഷേധിക്കുന്നില്ല. രണ്ടാമത്തെ
സാഹചര്യത്തിലാകട്ടെ അയാള്‍ തിരശ്ശീലക്കു പിന്നില്‍ നിന്നും പ്രപഞ്ചത്തെ
ബോധപൂര്‍വം നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ അസ്തിത്വത്തെ അംഗീകരിക്കുന്നു. ആ
സര്‍വശക്തന്‍ അയാള്‍ തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ എന്നതിന് ഇവിടെ പ്രാധാന്യം
ഇല്ല, കാരണം ദൈവത്തിന്‍റെ അസ്തിത്വം അംഗീകരിക്കുക വഴി അയാള്‍ നിരീശ്വര വാദി
അല്ലാതായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഞാനാകട്ടെ ഈ പറഞ്ഞ രണ്ടു കൂട്ടത്തിലും
പെടുന്നില്ല. ഞാന്‍ സര്‍വശക്തനായ ഒരു ദൈവത്തിന്‍റെ അസ്തിത്വം തന്നെ
നിഷേധിക്കുന്നു. എന്തുകൊണ്ട് എന്ന് വഴിയേ വിശദീകരിക്കാം. ഇവിടെ ഞാന്‍
വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്തെന്നാല്‍, എന്നെ നിരീശ്വര വാദി ആക്കിയത്
എന്നിലെ അഹങ്കാരം അല്ല എന്നതാണ്. ഞാന്‍ ദൈവത്തിന് ഒരു എതിരാളിയോ അല്ലെങ്കില്‍
ദൈവത്തിന്‍റെ അവതാരമോ അല്ല. അഹങ്കാരം കാരണം അവിശ്വാസി ആകാവുന്ന രണ്ടു
സാഹചര്യങ്ങളും അങ്ങനെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്‍റെ ചില സുഹൃത്തുക്കളുടെ
വാദം അംഗീകരിച്ചാല്‍ ഡല്‍ഹി ബോംബ് കേസിന്റെയും ലാഹോര്‍ ഗൂഡാലോചന കേസിന്റെയും
വിചാരണകള്‍ക്കിടയില്‍ കൈവന്ന അനര്‍ഹമായ ജനപ്രീതിയാണ് എന്നെ അഹങ്കാരിയും
ദൈവനിഷേധിയും ആക്കി മാറ്റിയത്. ഇതില്‍ എത്രത്തോളം സത്യം ഉണ്ട് എന്ന് നമുക്ക്
പരിശോധിക്കാം. എന്‍റെ നിരീശ്വര വാദം ഈ അടുത്ത കാലത്ത് രൂപംകൊണ്ട ഒന്നല്ല. ഞാന്‍
ഒരു സാധാരണ ചെറുപ്പക്കാരന്‍ ആയിരിക്കുന്ന സമയത്ത് തന്നെ ദൈവവിശ്വാസം ഉപേക്ഷിച്ച
ആളാണ്. ഒരു സാധാരണ സര്‍വകലാശാലാ വിദ്യാര്‍ഥിക്കു ദൈവനിഷേധി ആവാനും മാത്രം
അഹങ്കാരം എങ്ങനെ ഉണ്ടാവാനാണ്. ചില അദ്ധ്യാപകര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നെങ്കിലും പലര്‍ക്കും അപ്രിയനുമായിരുന്ന ഞാന്‍ ഒരു
മിടുക്കനായ വിദ്യാര്‍ഥി പോലും ആയിരുന്നില്ല. അതുകൊണ്ടുതന്നെ അഹങ്കാരമോ ദുരഭിമാനമോ
തോന്നേണ്ട യാതൊരു സാഹചര്യങ്ങളും അന്ന് നിലവിലില്ല. സ്വന്തം ഭാവിയെ പറ്റി അത്ര
ശുഭകരമായ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ലാത്ത ഒരു അന്തര്‍മുഖനായ വിദ്യാര്‍ഥി
ആയിരുന്നു അന്ന് ഞാന്‍. എന്‍റെ ജീവിതത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ ഞാന്‍ ഒരിക്കലും
ഒരു നിരീശ്വര വാദി ആയിരുന്നില്ല. എന്നെ വളര്‍ത്തിയ എന്‍റെ മുത്തച്ഛന്‍ ഒരു
യാഥാസ്ഥിതിക ആര്യ സമാജക്കാരന്‍ ആയിരുന്നു. ഒരു ആര്യ സമാജക്കാരന്‍ മറ്റെന്തൊക്കെ
ആണെങ്കിലും ഒരിക്കലും നിരീശ്വര വാദി ആവുകയില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം
ലാഹോറിലെ D.A.V സ്കൂളിലെ ബോര്‍ഡിംഗ് ഹൌസില്‍ ആണ് ഞാന്‍ ഒരു വര്‍ഷത്തോളം
ചിലവഴിച്ചത്. അവിടെ രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ഥനകള്‍ കൂടാതെ ഗായത്രി
മന്ത്രം ജപിക്കാനും ഞാന്‍ മണിക്കൂറുകള്‍ ചിലവഴിക്കാറുണ്ടായിരുന്നു. അന്നൊക്കെ
ഞാന്‍ ഒരു യഥാര്‍ത്ഥ ഭക്തന്‍ ആയിരുന്നു. പിന്നീടാണ് ഞാന്‍ എന്‍റെ അച്ഛനൊപ്പം
താമസിക്കാന്‍ ആരംഭിച്ചത്. അദ്ദേഹം മതപരമായ കാര്യങ്ങളില്‍ തികച്ചും സ്വതന്ത്ര
കാഴ്ചപ്പാടുള്ള ഒരു വ്യക്തി ആയിരുന്നു. അദ്ദേഹമാണ് സ്വാതന്ത്ര്യ സമരത്തിനായി
ജീവിതം ഉഴിഞ്ഞുവെക്കാന്‍ എന്നെ പഠിപ്പിച്ചത്. പക്ഷെ അദ്ദേഹവും ഒരു നിരീശ്വര വാദി
ആയിരുന്നില്ല, മറിച്ച് ഒരു തികഞ്ഞ വിശ്വാസി ആയിരുന്നുതാനും. ദൈനംദിന
പ്രാര്‍ഥനകള്‍ മുടക്കം കൂടാതെ നിര്‍വഹിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്
അദ്ദേഹം നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. ഈ സാഹചര്യങ്ങളില്‍ ആണ് ഞാന്‍ വളര്‍ന്നത്.
പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ കാലത്താണ് ഞാന്‍ ഉപരി പഠനത്തിനായി നാഷണല്‍
കോളേജില്‍ ചേരുന്നത്. അവിടെയാണ് ഞാന്‍ സ്വതന്ത്രമായി ചിന്തിക്കാനും, മതത്തെയും
ദൈവത്തെയും വിമര്‍ശിക്കാനും തുടങ്ങുന്നത്. അപ്പോഴും ഞാന്‍ ഒരു വിശ്വാസി ആയി തന്നെ
തുടര്‍ന്നു. സിഖ് വിശ്വാസ പ്രകാരം മുടിയും താടിയും നീട്ടി വളര്‍ത്തുന്നതിലും
സംരക്ഷിക്കുന്നതിലും ഞാന്‍ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു എങ്കിലും അപ്പോളേക്കും
എനിക്ക് പുരാണങ്ങളിലും മറ്റു മതശാസനകളിലും ഉള്ള വിശ്വാസം ഏതാണ്ട് പൂര്‍ണമായി
തന്നെ നഷ്ടപ്പെട്ടിരുന്നു. ഇതൊക്കെയാണെങ്കിലും ആ സമയത്തും ദൈവത്തിന്‍റെ
അസ്തിത്വത്തില്‍ എനിക്ക് തെല്ലും സംശയം ഉണ്ടായിരുന്നില്ല.
പിന്നീട് ഞാന്‍ വിപ്ലവ പാര്‍ട്ടിയില്‍ അംഗമായി. അവിടെ ഞാന്‍ ആദ്യം പരിചയപ്പെടുന്ന നേതാവ് ദൈവ അസ്തിത്വത്തില്‍ സംശയാലു ആയിരുന്നെങ്കില്‍ കൂടെ അത് നിഷേധിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം നേരിട്ടത് - "നിനക്ക് ആവശ്യം ഉണ്ടെങ്കില്‍ പ്രാര്‍ഥിച്ചാല്‍ മതി" - എന്നായിരുന്നു. ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ വലിയ ധീരതയുടെ ആവശ്യം ഒന്നും ഇല്ല. എങ്കിലും ഇത് ഒരുതരത്തില്‍ നിരീശ്വര വാദം തന്നെ ആണ് താനും. ഞാന്‍ പരിചയപ്പെട്ട രണ്ടാമത്തെ നേതാവാകട്ടെ ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. അദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിക്കുന്നതില്‍ എന്തെങ്കിലും അനൌചിത്യം ഉള്ളതായി തോന്നുന്നില്ല. കറാച്ചി ഗൂഡാലോചനയുമായി ബന്ധപ്പെട്ടു നാടുകടത്തപ്പെട്ട സഖാവ് സചിന്ദ്ര നാഥ സാന്യാല്‍ ആയിരുന്നു അത്. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ "बंधी जीवन " എന്ന പുസ്തകത്തിന്‍റെ ആദ്യ പേജില്‍ തന്നെ ദൈവ സ്തുതികള്‍ നമുക്ക് കാണാം. പ്രസ്തുത പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ അവസാന പേജില്‍ നിര്‍ലോഭം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ദൈവസ്തുതികള്‍ നോക്കിയാല്‍ വേദാന്ത ദര്‍ശനങ്ങള്‍ അദ്ദേഹത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാവും. പ്രോസിക്യൂഷന്‍ വാദം അനുസരിച്ച്, 1925 ജനുവരി 28 ന് രാജ്യം മുഴുവന്‍ വിതരണം ചെയ്യപ്പെട്ട വിപ്ലവ ലഖുലേഖ അദ്ദേഹത്തിന്‍റെ ബൌദ്ധിക സന്തതി ആയിരുന്നു. രഹസ്യ പ്രവര്‍ത്തനത്തില്‍ നേതാക്കന്മാര്‍ സ്വന്തം കാഴ്ച്ചപ്പാടുകള്‍ ആവിഷ്കരിക്കുകയും പിന്നീട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ കൂടി മറ്റുള്ളവര്‍ അത് ഏറ്റെടുക്കേണ്ടി വരികയും ചെയ്യുക സാധാരണമാണ്. അതുതന്നെ ഇവിടെയും സംഭവിച്ചു. പ്രസ്തുത ലഖു ലേഖയില്‍ ഒരു മുഴുവന്‍ ഖണ്ഡിക സര്‍വശക്തന്റെ ലീലാവിലാസങ്ങളെ പ്രകീര്‍ത്തിക്കാനായി മാറ്റിവെച്ചിരുന്നു. ഇതൊക്കെ തികച്ചും ആധ്യാത്മികത ആയിരുന്നു. വിപ്ലവ പ്രസ്ഥാനത്തില്‍ പോലും നിരീശ്വര വാദം എന്ന ആശയം ശക്തമായിരുന്നില്ല എന്ന് ചൂണ്ടി കാണിക്കുവാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. പ്രസിദ്ധരായ കകോരി രക്തസാക്ഷികള്‍ നാലുപേരും തങ്ങളുടെ അവസാന നാളുകള്‍ പ്രാര്‍ത്ഥനയിലും ആധ്യാത്മിക ചിന്തയിലുമാണ് ചിലവഴിച്ചത്. രാം പ്രസാദ് ബിസ്മില്‍ ഒരു യാഥാസ്ഥിതിക ആര്യ സമാജക്കാരനായിരുന്നു. സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലും അഗാധമായ അറിവുണ്ടായിരുന്നിട്ടും ഉപനിഷദ് മന്ത്രങ്ങള്‍ ഉരുക്കഴിക്കാതിരിക്കാന്‍ രാജന്‍ ലാഹരിക്ക് ആവുമായിരുന്നില്ല. ആ കൂട്ടത്തില്‍ പ്രാര്‍ത്ഥന ഒഴിവാക്കിയ ഒരാളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. മനുഷ്യന്‍റെ ബലഹീനതയുടെയോ അറിവില്ലായ്മയുടെയോ ബാക്കി പത്രമാണ് തത്വചിന്ത എന്നായിരുന്നു അയാളുടെ അഭിപ്രായം. ഇയാളെ പിന്നീട് നാടുകടത്തുകയുണ്ടായി. എന്നാല്‍ ഇദ്ദേഹവും ഒരിക്കലും ദൈവത്തിന്‍റെ അസ്തിത്വത്തെ നിരാകരിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല
ആ കാലങ്ങളില്‍ ഒക്കെ ഞാന്‍ ആദര്‍ശവാനും കാല്പനികനുമായ ഒരു വിപ്ലവകാരി ആയിരുന്നു. നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമായിരുന്നു ഞങ്ങള്‍ക്ക് ശീലം. അതുകൊണ്ടുതന്നെ സംഘടനയുടെ ഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ഈ പ്രസ്ഥാനത്തിന്‍റെ നിലനില്‍പ്പ് തന്നെ അസാധ്യമാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. ഉത്സാഹികളായ സഖാക്കളും, എന്തിന് നേതാക്കന്മാര്‍ പോലും ഞങ്ങളെ പരിഹസിക്കാന്‍ തുടങ്ങി. നാളെ ഒരു കാലത്ത് ഞങ്ങള്‍ ചെയ്തുകൂട്ടിയ പ്രവൃത്തികളുടെ നിരര്‍ത്ഥകത ഞങ്ങളെ വെട്ടയാടിയേക്കുമോ എന്ന ഭയം എന്നെ പിടികൂടി. എന്‍റെ വിപ്ലവ ജീവിതത്തിന്‍റെ ഒരു വഴിത്തിരിവ് ആയിരുന്നു അവിടെ. ആഴത്തിലുള്ള പഠനം മാത്രമായിരുന്നു ഈ ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം. എതിരാളികളുടെ വാദമുഖങ്ങളെ ഖണ്ഡിക്കുവാന്‍, സ്വന്തം ആശയങ്ങള്‍ക്ക് വ്യക്തതയും അടിത്തറയും ഉണ്ടാവാന്‍ - പഠിക്കുക. അങ്ങനെ ഞാന്‍ പഠിക്കുവാന്‍ ആരംഭിച്ചപ്പോള്‍ എന്‍റെ പഴയ വിശ്വാസങ്ങളും നിശ്ചയങ്ങളും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. സായുധ വിപ്ലവത്തോടുള്ള അടങ്ങാത്ത ആവേശം മാറി പകരം ആശയങ്ങളെ പ്രണയിക്കാന്‍ തുടങ്ങി. ആധ്യാത്മികതയും അന്ധവിശ്വാസങ്ങളും എല്ലാം ചവറ്റുകുട്ടയില്‍ എറിയപ്പെട്ടു. ഞങ്ങള്‍ യാധാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു. ബലപ്രയോഗം ഒഴിവാക്കാന്‍ ആവാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കപ്പെടെണ്ട ഒന്നാണെന്നും, എല്ലാ ബഹുജന മുന്നേറ്റങ്ങളുടെയും അടിസ്ഥാനം അക്രമ രാഹിത്യം ആയിരിക്കണം എന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങള്‍ എന്തിന് വേണ്ടിയാണ് പൊരുതുന്നത് എന്ന തിരിച്ചറിവായിരുന്നു. ആ സമയം സംഘടനക്ക് കാര്യമായ പോതു പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ലോകത്തുള്ള വിപ്ലവ പ്രസ്ഥാനങ്ങളുടെ ശാഖകളെ കുറിച്ചും അവരുടെ ആശയങ്ങളെ കുറിച്ചും ആഴത്തില്‍ മനസ്സിലാക്കുവാനുള്ള സമയവും അവസരവും ധാരാളം ഉണ്ടായിരുന്നു. ഞാന്‍ അരാജക വാദിയായ ബക്കുനിനെയും, കമ്മ്യൂണിസ്റ്റുകാരായ മാര്‍ക്സിനെയും, ലെനിനേയും, ട്രോട്സ്കിയേയും ഒക്കെ പഠിച്ചു. ഇവരൊക്കെ സ്വന്തം രാജ്യങ്ങളില്‍ വിജയകരമായി വിപ്ലവം സൃഷ്ടിച്ചവര്‍ ആയിരുന്നു. അവരെല്ലാവരും നിരീശ്വര വാദികളും ആയിരുന്നു. ബക്കുനിന്റെ 'God and State' എന്ന പുസ്തകം ഈ വിഷയത്തില്‍ കൌതുകകരമായ ഒരു പഠനം ആണ്. അതിനുശേഷമാണ് ഞാന്‍ നിര്‍ലമ്പ സ്വാമിയുടെ 'Common Sense' എന്ന പുസ്തകം പരിചയപ്പെടുന്നത്. അതൊരുതരം മായാവാദ പരമായ നിരീശ്വര വാദം ആയിരുന്നു. അങ്ങനെ 1926 ന്‍റെ അവസാനത്തോടു കൂടി ഈ പ്രപഞ്ചം സൃഷ്ടിച്ചു നിയന്ത്രിച്ചു പരിപാലിക്കുന്ന ഒരു സര്‍വശക്തനും സര്‍വ്വവ്യാപിയും ആയ ഈശ്വര സങ്കല്പ്പത്തിന്റെ പരിഹാസ്യത എനിക്ക് പൂര്‍ണമായി ബോധ്യപ്പെട്ടു. എന്‍റെ അവിശ്വാസം പ്രകടിപ്പിക്കുവാനും ഞാന്‍ മടി കാണിച്ചില്ല. എന്‍റെ സുഹൃത്തുക്കളുമായി ഈ വിഷയത്തില്‍ ഞാന്‍ നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പട്ടു. ഞാന്‍ ഒരു സമ്പൂര്‍ണ നിരീശ്വര വാദിയായി മാറുകയായിരുന്നു. സമ്പൂര്‍ണ നിരീശ്വര വാദം എന്നതുകൊണ്ട് എന്താണ് ഞാന്‍ അര്‍ത്ഥമാക്കിയത് എന്ന് വ്യക്തമാക്കാം.
1927 മേയ് മാസം ലാഹോറില്‍ വെച്ച് ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അത് എല്ലാവര്‍ക്കും ഒരു അത്ഭുതം ആയിരുന്നു. കാരണം പോലീസ് എന്നെ അന്വേഷിക്കുന്നുണ്ട് എന്ന് ആര്‍ക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ലാഹോറിലെ പൂന്തോട്ടം മുറിച്ചു കടക്കുകയായിരുന്ന എന്നെ പോലീസ് സംഘം വളഞ്ഞു. എത്ര ശാന്തനായിട്ടാണ് അപ്പോള്‍ പ്രതികരിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍ ഇന്നും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എനിക്ക് യാതൊരു വിധമായ വികാര വിക്ഷോഭങ്ങളും അനുഭവപ്പെട്ടില്ല. റെയില്‍വേ പോലീസ് ലോക്കപ്പില്‍ ആയിരുന്നു അടുത്ത ഒരു മാസക്കാലം എന്‍റെ വാസം. പല ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ കകോരി പാര്‍ട്ടിയുമായി ഉള്ള എന്‍റെ അടുപ്പത്തെ പറ്റിയും, എന്‍റെ വിപ്ലവ പ്രസ്ഥാനത്തിലെ മറ്റു പ്രവര്‍ത്തനങ്ങളെ പറ്റിയും അവര്‍ക്ക് കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ട് എന്നെനിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് എന്നില്‍ നിന്നും കുറ്റസമമത മൊഴി ശേഖരിക്കാനായി അവരുടെ ശ്രമം. കകോരി സംഭവത്തിന്‍റെ വിചാരണ നടക്കുന്ന സമയത്ത് ഞാന്‍ ലഖ്നവ്വില്‍ പോയത് പ്രതികളെ രക്ഷപെടുത്താനുള്ള പദ്ധതിയുമായി ആയിരുന്നു എന്നും, അതിനായി ഞങ്ങള്‍ ബോംബുകള്‍ ശേഖരിക്കുകയും, പരീക്ഷണം എന്ന നിലയില്‍ 1926 ല്‍ ദസ്ര ആഘോഷിക്കാന്‍ ഒത്തുകൂടിയ ജനക്കൂട്ടത്തിനു നേരെ അത് പ്രയോഗിച്ചു എന്നും അവര്‍ കഥ മെനഞ്ഞു. ഭീഷിണിക്ക് ഞാന്‍ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അവര്‍ അനുനയത്തിന്‍റെ ശ്രമം തുടങ്ങി. വിപ്ലവ പ്രസ്ഥാനത്തെ ഒറ്റുകൊടുത്താല്‍ എന്നെ കേസില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനം. ഞാന്‍ അവയെല്ലാം ചിരിച്ചുതള്ളി. ഞങ്ങളുടേത് പോലെയുള്ള ആശയങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് എങ്ങനെ സ്വന്തം ജനതക്ക് നേരെ ബോംബെറിയാന്‍ സാധിക്കും. ഒരു ദിവസം രാവിലെ അന്നത്തെ C.I.D യുടെ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന മിസ്റ്റര്‍ ന്യൂമാന്‍ എന്നെ കാണാന്‍ വന്നു. വളരെ സഹാനുഭൂതിയോടെ സംസാരിച്ചതിന് ശേഷം അയാള്‍ വ്യസനസമേതം അറിയിച്ചത് അവര് പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ കകോരി സംഭവവും ആയി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തതിനും, ദസ്ര ബോംബാക്രമണവുമായി ബന്ധപ്പെട്ടു ക്രൂരമായ കൊലപാതകത്തിനും എന്നെ വിചാരണ ചെയ്യും എന്നായിരുന്നു. എന്‍റെ കുറ്റം തെളിയിക്കാനും തൂക്കിലിടാനും തക്കവണ്ണം തെളിവുകള്‍ അവരുടെ കൈവശം ഉണ്ട് എന്നും അയാള്‍ മുന്നറിയിപ്പു തന്നു. അന്നത്തെ സാഹചര്യത്തില്‍ ഞാന്‍ നിരപരാധി ആണ് എന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നെങ്കിലും പോലീസുകാര്‍ക്ക് വേണമെങ്കില്‍ എന്നെ കുറ്റക്കാരനാക്കാന്‍ സാധിക്കുമായിരുന്നു. നല്ല ബുദ്ധി തരുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാന്‍ പല പോലീസ് ഉദ്യോഗസ്ഥന്മാരും ആ സമയത്ത് എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകളില്‍ മാത്രമല്ല, ബുദ്ധിമുട്ടുകളുടെയും പീഡനങ്ങളുടെയും ഇടയിലും ആദര്‍ശങ്ങളെ മുറുകെ പിടിക്കുവാന്‍ സാധിക്കും എന്ന് എനിക്ക് എന്നെ തന്നെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. വളരെ വീണ്ടുവിചാരങ്ങള്‍ക്കൊടുവില്‍ ഇനി പ്രാര്‍ഥനയില്‍ അഭയം തേടാന്‍ സാധ്യമല്ല എന്ന ഒരു തീരുമാനം ഞാന്‍ കൈക്കൊണ്ടു. അതൊരു വലിയ പരീക്ഷണം തന്നെ ആയിരുന്നു. എങ്കിലും ഞാന്‍ അവിടെ വിജയിക്കുക തന്നെ ചെയ്തു. ഒരിക്കല്‍ പോലും സ്വന്തം തടി രക്ഷിക്കുവാനായി മറ്റെന്തെങ്കിലും ബലികഴിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ഞാന്‍ അന്ന് മുതല്‍ ഇന്ന് വരെ ശക്തനായ അവിശ്വാസി ആയി തന്നെ തുടരുന്നു. ഈ പരീക്ഷണത്തെ അതിജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ്. വിശ്വാസം കഷ്ടതകളെ ലഖൂകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു അത്ഭുത ഔഷധം ആണ്. ദൈവത്തില്‍ മനുഷ്യന് അളവില്ലാത്ത ആശ്രയവും ആശ്വാസവും കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ദൈവം ഇല്ലാതെ ആവുന്നതോടെ മനുഷ്യന്‍ അവനവനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. ജീവിതത്തിന്‍റെ കൊടുങ്കാറ്റുകള്‍ക്കും ചക്രവാതങ്ങള്‍ക്കുമിടയില്‍ സ്വന്തം കാലുകളില്‍ ഊന്നി നിവര്‍ന്നു നില്‍ക്കുക എന്നത് ചില്ലറ കാര്യം അല്ല. അത്തരം പരീക്ഷണ ഘട്ടങ്ങളില്‍ ആണ് അഹങ്കാരം മനുഷ്യനെ വിട്ടൊഴിയുന്നത്. പൊതുബോധത്തെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യാന്‍ അപ്പോള്‍ അവന്‍ ധൈര്യപ്പെടുകയില്ല. അതിന് ഒരുവന്‍ തയ്യാറാവുന്നു എങ്കില്‍ അതിനര്‍ത്ഥം അഹങ്കാരത്തിനും ഉപരിയായ മനഃശക്തി അവന്‍ ആര്‍ജിച്ചിരിക്കുന്നു എന്നാണ്. ഇന്നത്തെ സാഹചര്യവും ഇതുതന്നെയാണ്. വിധി പ്രസ്താവിക്കാന്‍ ഇനി അധികം ദിവസങ്ങളില്ല, വിധി എന്തായിരിക്കും എന്നതിനെ സംബന്ധിച്ചും ആര്‍ക്കും സംശയങ്ങള്‍ ഇല്ല. ഞാനൊരു രക്തസാക്ഷി ആവാന്‍ പോവുന്നു എന്നറിയുന്നതില്‍ എന്ത് ആശ്വാസം ആണ് ഉള്ളത്? ഒരു വിശ്വാസിയായ ഹിന്ദുവിന് അടുത്ത ജന്മത്തില്‍ താനൊരു രാജാവാകും എന്ന ചിന്തയില്‍ ആശ്വാസം കണ്ടെത്താം, ഒരു മുസ്ലീമിനോ ക്രിസ്ത്യാനിക്കോ സ്വര്‍ഗ്ഗരാജ്യത്തില്‍ ലഭിക്കാനിടയുള്ള സുഖാനുഭവങ്ങളെ ഓര്‍ത്ത് ആശ്വസിക്കാം, ഞാനോ, ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? എന്‍റെ കഴുത്തിനു പിന്നില്‍ കുരുക്ക് മുറുകുകയും, കാല്‍ച്ചുവട്ടിലെ പലകപ്പാളി തെന്നി നീങ്ങുകയും ചെയ്യുന്നതോടെ എന്‍റെ കഥ അവസാനിക്കുന്നു. എന്നെ സംബന്ധിച്ച് പിന്നീടുള്ളത് തികഞ്ഞ ശൂന്യത മാത്രം. പോരാട്ടത്തിന്റെ ഒരു ഹ്രസ്വ ജീവിതവും മഹത്വം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു മരണവും ആണ് എന്‍റെ പ്രതിഫലം. അതിനെ അങ്ങനെതന്നെ അംഗീകരിക്കാന്‍ ഞാന്‍ കരുത്തു നേടേണ്ടിയിരിക്കുന്നു. യാതൊരു സ്വാര്‍ത്ഥ താത്പര്യങ്ങളും ഇല്ലാതെ, യാതൊരു പ്രതിഫലേച്ഛയും കൂടാതെ പൂര്‍ണ മനസ്സോടെ ഞാനെന്റെ ജീവിതം സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവെച്ചു, കാരണം എനിക്ക് അങ്ങനെ ചെയ്യാതിരിക്കാന്‍ ആവുമായിരുന്നില്ല. ഇതേ മനോഭാവത്തോടെ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ മനുഷ്യരാശിയുടെ മോചനത്തിനായി സ്വയം സമര്‍പ്പിക്കുന്ന ദിവസം സ്വാതന്ത്ര്യത്തിന്‍റെ യുഗത്തിനു തുടക്കമാവും. ഈ ലോകത്തിലോ മരിച്ചു ചെല്ലുന്ന മറ്റു ലോകങ്ങളിലോ ഇനി സ്വര്‍ഗ്ഗരാജ്യത്തില്‍ തന്നെയോ കിട്ടിയേക്കാവുന്ന പ്രതിഫലങ്ങള്‍ക്ക് വേണ്ടിയല്ലാതെ, അടിച്ചമര്‍ത്തുന്നവനെയും, ചൂഷകനെയും, സ്വേച്ഛാധിപതിയേയും വെല്ലുവിളിക്കാന്‍, മനുഷ്യരാശിയുടെ ചുമലില്‍ നിന്നും അടിമത്വത്തിന്റെ നുകം എടുത്തുമാറ്റാന്‍, സ്വാതന്ത്ര്യവും സമാധാനവും പുലരുന്ന നല്ല നാളെയെ പ്രചോദനമാക്കിയ ജനക്കൂട്ടങ്ങള്‍ മുന്നോട്ടുവരുമ്പോള്‍, അവരുടെ ശ്രേഷ്ഠമായ ലക്ഷ്യത്തില്‍ ഉള്ള അഭിമാനബോധത്തെ അഹങ്കാരം എന്ന് വിളിക്കാന്‍ സാധികുമോ? അത്തരം വെറുക്കപ്പെട്ട പ്രസ്താവനകള്‍ നടത്താന്‍ ആര്‍ക്കാണ് ധൈര്യം ഉണ്ടാവുക? അങ്ങനെ പറയുന്നവന്‍ ഒന്നുകില്‍ ഒരു വിഡ്ഢിയോ അല്ലെങ്കില്‍ ഒരു വഞ്ചകനോ ആയിരിക്കണം. ഇങ്ങനെ ഒരു ലക്ഷ്യത്തിന്റെ ആഴമോ മഹത്വമോ മനസ്സിലാക്കുവാന്‍ തക്ക ഹൃദയവിശാലത ഇല്ലാത്തതില്‍ അവനോടു സഹതപിക്കാന്‍ മാത്രമേ നമുക്ക് സാധിക്കൂ. അവന്‍റെ ഹൃദയം കരിങ്കല്ലിനു സമമാണ്. അവന്‍റെ കണ്ണുകളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മറച്ചിരിക്കുന്നു. സ്വാശ്രയത്വത്തെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്.
ഒരു പ്രമുഖ മതത്തെയോ, മഹാനായ ഒരു നേതാവിനേയോ നിങ്ങള്‍ വിമര്‍ശിക്കുന്നു
എന്നിരിക്കട്ടെ, പൊതുസമൂഹം നിശ്ചയമായും നിങ്ങളെ ഒരു അഹങ്കാരി ആയി മുദ്രയടിക്കും.
ഇതൊരുതരം ബൌദ്ധികമായ സ്തംഭനമാണ്. സ്വതന്ത്ര ചിന്തയും, വിമര്‍ശന ബുദ്ധിയുമാണ് ഒരു
വിപ്ലവകാരിക്ക് ഉണ്ടായിരിക്കേണ്ട രണ്ടു പ്രാധാന ഗുണങ്ങള്‍. മഹാത്മാ ഗാന്ധി ഒരു
മഹത് വ്യക്തിത്വം ആയതുകൊണ്ട് അദ്ദേഹം പറയുന്നതെല്ലാം ശരിയാണ് എന്ന്
ചിന്തിക്കുന്നത് ഒരിക്കലും പുരോഗമാനപരമല്ല എന്ന് മാത്രമല്ല അത് ഒരു
പിന്തിരിപ്പന്‍ ചിന്താഗതി കൂടി ആണ്.
അപ്പനപ്പൂപ്പന്മാര്‍ ആരാധിരിച്ചിരുന്ന സര്‍വ്വശക്തനായ ദൈവത്തിന്‍റെ അസ്തിത്ത്വത്തെ നിരാകരിക്കുന്നതുകൊണ്ട് ഒരു വ്യക്തി നിഷേധിയും വഞ്ചകനുമായി മുദ്രകുത്തപ്പെടുന്നെങ്കില്‍, അവന്‍റെ വാദമുഖങ്ങള്‍ ഖണ്ഡിക്കാന്‍ ആവാത്ത വിധം ശക്തമാവുമ്പോള്‍, ദൈവകോപം വരുത്തിവെക്കാവുന്ന വിപത്തുകളുടെ ഭീഷിണികള്‍ക്ക് വഴങ്ങാന്‍ അവന്‍ കൂട്ടാക്കാത്തപ്പോള്‍, അവന്‍ അഹങ്കാരി എന്ന് ആക്ഷേപിക്കപ്പെട്ട് പുറന്തള്ളപ്പെടുന്നെങ്കില്‍, പിന്നെ ഇങ്ങനെ ഒരു ചര്‍ച്ചയുടെ ആവശ്യം തന്നെ ഇല്ലല്ലോ. പൊതുസമൂഹത്തിനു മുന്നില്‍ ഇങ്ങനെ ഒരു ചോദ്യം ആദ്യമായി കൈകാര്യം ചെയ്യപ്പെടുകയാണ് എന്നതിനാല്‍ ഈ കുറിപ്പ് അല്‍പ്പം ദീര്‍ഘമാവുന്നതില്‍ തെറ്റില്ലതന്നെ.
എന്തായാലും അഹങ്കാരമല്ല എന്നെ ഒരു നിരീശ്വരവാദി ആക്കിയത് എന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞതായി ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ വാദങ്ങള്‍ കൃത്യമായിരുന്നുവോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല, വായനക്കാരാണ്. ഇന്നത്തെ സാഹചര്യങ്ങളില്‍ ദൈവവിശ്വാസം എന്‍റെ മാനസിക ഭാരം ലഘൂകരിക്കാന്‍ സഹായിക്കും എന്നതില്‍ എനിക്ക് സംശയമില്ല മാത്രമല്ല എന്‍റെ അവിശ്വാസം സാഹചര്യങ്ങളെ കൂടുതല്‍ കഠിനമാക്കി തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. തത്വചിന്ത ഒരുപക്ഷേ ഇതിനൊരു കാവ്യാത്മകത നല്കിയേക്കാം. എന്നാല്‍ എന്‍റെ വിധി അംഗീകരിക്കാന്‍ ഒരു ലഹരിയുടേയും സഹായം തേടാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നവനാണ്. എന്‍റെ ഉള്‍വിളികളെ യുക്തിചിന്ത ഉപയോഗിച്ചു മറികടക്കാന്‍ ആണ് ഞാന്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. അതില്‍ സമ്പൂര്‍ണ വിജയമാണ് എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പരിശ്രമിക്കുക എന്നതാണല്ലോ മനുഷ്യന്‍റെ കടമ. ജയപരാജയങ്ങള്‍ സാഹചര്യങ്ങളും ഭാഗ്യവും അനുസരിച്ചിരിക്കും.
ഇപ്പോള്‍ ഉയരാവുന്ന ചോദ്യം - അഹങ്കാരം അല്ലെങ്കില്‍ പിന്നെ എന്താണ് എന്നെ ദൈവ നിഷേധി ആക്കിയത്? - എന്നതാണ്. ഞാന്‍ ആ ചോദ്യത്തിലേക്ക് തന്നെയാണ് വരുന്നത്. മനുഷ്യന്‍ തന്‍റെ ചുറ്റുപാടുകളെ നിരന്തരം യുക്തിപൂര്‍വ്വം വിലയിരുത്തിക്കൊണ്ടാണ് ജീവിക്കുന്നത്. അവിടെ തെളിവുകളുടെ അഭാവത്തില്‍ തത്വചിന്ത കടന്നുവരുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ, തത്വചിന്ത മനുഷ്യന്‍റെ ബലഹീനതയുടെ ബാക്കിപത്രമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ പ്രകൃതിയിലെ പ്രേഹേളികകളുടെ കാരണങ്ങള്‍ അന്വേഷിച്ചു തല പുകച്ചപ്പോള്‍, അവര്‍ക്ക് ലഭ്യമായിരുന്ന തെളിവുകള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും സ്വന്തം നിലക്ക് കാര്യ-കാരണങ്ങള്‍ അന്വേഷിച്ചു പോയി. ലോകത്തുള്ള പല മത വിശ്വാസങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളില്‍ കാണുന്ന വൈരുധ്യം ഇതിനു തെളിവാണ്. പൌരസ്ത്യ-പാശ്ചാത്യ തത്വചിന്തകള്‍ തമ്മില്‍ വലിയ അന്തരം ദൃശ്യമാണ്. പൌരസ്ത്യ മതങ്ങള്‍ തമ്മില്‍ തന്നെ വൈരുധ്യങ്ങള്‍ ഉണ്ട്. മുസ്ലീം - ഹിന്ദു മത ദര്‍ശനങ്ങള്‍ ഒരിക്കലും തമ്മില്‍ ചേരാത്തവയാണ്. ബുദ്ധിസവും ജൈനിസവും ബ്രാഹ്മണ മതവുമായി ഒത്തുപോവില്ല. ബ്രാഹ്മണ മതത്തില്‍ തന്നെ ഇന്ന് ആര്യ സമാജക്കാരും, സനാതന ധര്‍മ്മക്കാരും രണ്ട് തട്ടിലാണ്. പുരാതന കാലത്തെ ഒരു സ്വതന്ത്ര ചിന്തകനായിരുന്നു ചാര്‍വാകന്‍. വേദ കാലത്തുതന്നെ ദൈവത്തിന്‍റെ അസ്തിത്ത്വത്തെ നിരാകരിക്കാന്‍ അദ്ദേഹം തയ്യാറായി. ഈ കൂട്ടരെല്ലാം തന്നെ വ്യത്യസ്തമായ വിശ്വാസ പ്രമാണങ്ങള്‍ ഉള്ളവരാണ്. തങ്ങളാണ് ശെരി എന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ഇവിടെയാണ് കുഴപ്പം. പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ അജ്ഞതകളെ ദൂരീകരിക്കുന്നതിന് പകരം നമ്മള്‍ മടിയന്മാര്‍ ആവുകയും വിശ്വാസങ്ങളില്‍ ഒതുങ്ങി കൂടുകയും ചെയ്തു. ഇത്തരത്തിലുള്ള അന്ധമായ വിശ്വാസ പ്രമാണങ്ങള്‍ മനുഷ്യ പുരോഗതിയെ സ്തംഭനാവസ്ഥയില്‍ എത്തിക്കും എന്നത് അവിതര്‍ക്കമാണ്.
സമൂഹത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പഴകിയ വിശ്വാസപ്രമാണങ്ങളെ വിമര്‍ശിക്കുവാനും പുനപരിശോധിക്കുവാനും തയ്യാറാവേണ്ടതുണ്ട്. പഴകി ദ്രവിച്ച വിശ്വാസങ്ങളുടെ വക്കും പൊടിയും അടക്കം അയാള്‍ യുക്തിചിന്തക്കു വിധേയമാക്കണം. യുക്തി ചിന്തയുടെ അപഗ്രഥനത്തിനു ശേഷവും ഒരു വിശ്വാസം നിലനില്‍ക്കുന്നു എങ്കില്‍ ആ വിശ്വാസം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഒരു പക്ഷെ പരിശോധിക്കപ്പെട്ട യുക്തിയില്‍ തെറ്റുകളോ പാളിച്ചകളോ ഉണ്ടായിരുന്നു എന്ന് വരാം എങ്കിലും അയാള്‍ എപ്പോഴും തിരുത്തലുകള്‍ക്ക് സന്നദ്ധനാണ് കാരണം അയാളെ നയിക്കുന്നത് യുക്തിചിന്ത ആണ്. എന്നാല്‍ അന്ധമായ വിശ്വാസം ഒരു അപായ സൂചനയാണ്. അത് മസ്തിഷ്കത്തെ മുരടിപ്പിക്കുകയും മനുഷ്യനെ പിന്തിരിപ്പന്‍ ആക്കി തീര്‍ക്കുകയും ചെയ്യും. യാഥാര്‍ത്ഥൃത്തെ മുറുകെപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി പുരാതനമായ എല്ലാ വിശ്വാസങ്ങളെയും ചോദ്യം ചെയ്യാന്‍ തയ്യാറാവണം. യുക്തിചിന്തയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ആവാത്ത വിശ്വാസങ്ങളെല്ലാം തകര്‍ന്നടിയുക തന്നെ വേണം. ഇവിടെയാണ് വലിയൊരു അപകടം പതിയിരിക്കുന്നത്. തകര്‍ന്നടിഞ്ഞ പഴയ വിഗ്രഹങ്ങള്‍ക്ക് പകരം ഒരുവന്‍ തന്‍റെ മനസ്സില്‍ പുതിയ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചേക്കാം. ഈ ദിശയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ എനിക്ക് സാധിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിച്ചുകൊള്ളട്ടെ. പൌരസ്ത്യ തത്വചിന്ത പഠിക്കണം എന്നത് എന്‍റെ ഒരു വലിയ ആഗ്രഹമായിരുന്നു, നിര്‍ഭാഗ്യവശാല്‍ അതിനുള്ള അവസരങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പുരാതന വിശ്വാസ പ്രമാണങ്ങളുടെ വിമര്‍ശനാത്മക പഠനങ്ങള്‍ വേണ്ടതിലധികം ഞാന്‍ നടത്തിയിട്ടുണ്ട്. ആ പഠനങ്ങള്‍ എന്നെ നയിച്ചത് ബോധപൂര്‍വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു സര്‍വശക്തന്‍ എന്ന ആശയം വെറും വിഡ്ഢിത്തമാണ് എന്ന ബോധ്യത്തിലേക്കാണ്. ഞങ്ങള്‍ പ്രകൃതിയില്‍ വിശ്വസിക്കുന്നു, തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ശരിയായ രീതിയിലുള്ള പ്രകൃതി വിഭവങ്ങളുടെ ഉപയോഗവും നിയന്ത്രണവുമാണ് എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും ലക്ഷ്യമാക്കേണ്ടത്. അതിന് തീര്‍ച്ചയായും നമ്മളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം ആവശ്യമാണ്.
ദൈവ വിശ്വാസികള്‍ ഇനി പറയുന്ന എന്‍റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ ബാധ്യസ്ഥരാണ്.
ഈ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ എന്തിനുവേണ്ടി ആണ് അയാള്‍ ഈ സൃഷ്ടികര്‍മ്മം ചെയ്തത് എന്ന് നിങ്ങള്‍ എനിക്ക് ദയവു ചെയ്തു പറഞ്ഞുതരണം. കഷ്ടപ്പാടുകളും, സങ്കടങ്ങളും, ദുരിതങ്ങളും നിറഞ്ഞ ഈ ലോകം. ഒരിക്കലും തൃപ്തിപ്പെടുത്താന്‍ ആവാത്ത തൃഷ്ണകള്‍ക്ക് പിന്നാലെ പായുന്ന ജനങ്ങള്‍ നിറഞ്ഞ ഈ ലോകം അയാള്‍ എന്തിനുവേണ്ടിയാണ് സൃഷ്ടിച്ചത്?
ഇത് അയാളുടെ നിയമം ആണ് എന്ന് മാത്രം പറയരുത് കാരണം അയാള്‍ക്ക് നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടെങ്കില്‍ പിന്നെ അയാള്‍ സര്‍വശക്തന്‍ അല്ല, മറിച്ച് നമ്മളെ പോലെ തന്നെ മറ്റൊരു അടിമയാണ്. ഇത് അയാളുടെ ലീലാവിലാസം ആണ് എന്നും ദയവുചെയ്ത് പറയരുത്; കാരണം റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ നമ്മള്‍ക്കെല്ലാം അറിവുള്ളതാണ്. ഒരു നഗരമേ നീറോ ചക്രവര്‍ത്തി കത്തിച്ചുള്ളൂ എന്നിട്ടും ചരിത്രത്തില്‍ അയാള്‍ എത്രമാത്രം വെറുക്കപ്പെട്ടവനാണ് എന്ന് നമ്മള്‍ക്ക് കാണാം. നൂറുകണക്കിന് നഗരങ്ങള്‍ ചുട്ടെരിച്ച ജെംഖിസ് ഖാന്‍ ന്‍റെ പേരുപോലും വെറുപ്പോടുകൂടി അല്ലാതെ ഉച്ചരിക്കപ്പെടുന്നില്ല. അപ്പോള്‍ പിന്നെ ദിനം പ്രതി, നിമിഷം പ്രതി എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങള്‍ ലോകത്തിനു സമ്മാനിക്കുന്ന നിങ്ങളുടെ സര്‍വശക്തനായ നീറോയെ നിങ്ങള്‍ എങ്ങനെ ന്യായീകരിക്കും? ഓരോ നിമിഷവും ജെംഖിസ് ഖാനേക്കാള്‍ വലിയ പാതകങ്ങള്‍ ചെയ്തുകൂട്ടുന്ന ഇയാളെ നമ്മള്‍ എങ്ങനെ ആരാധിക്കും? നരകതുല്യമായ ഈ ലോകം എന്തിനുവേണ്ടി ഇയാള്‍ സൃഷ്ടിച്ചു എന്നാണ് എന്‍റെ ചോദ്യം. ചെയ്യാതിരിക്കാമായിരുന്നിട്ടും സര്‍വശക്തന്‍ മനുഷ്യരെ സൃഷ്ടിച്ചു - എന്തിനുവേണ്ടി? ഇതിനെല്ലാം എന്ത് ന്യായീകരണം ആണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്?
ഹിന്ദുക്കള്‍ ഈ ചോദ്യങ്ങളില്‍ നിന്നും ഒരു അതിയുക്തി പ്രയോഗിച്ച് രക്ഷപ്പെടാറുണ്ട്. പക്ഷെ നിങ്ങള്‍ മുഹമ്മദീയര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എന്ത് മറുപടിയാണ് നല്‍കാനുള്ളത്. നിങ്ങള്‍ മുന്‍ജന്മങ്ങളില്‍ വിശ്വസിക്കുന്നവര്‍ അല്ലല്ലോ. അപ്പോള്‍ നിങ്ങള്‍ക്ക് ഹിന്ദുക്കളെ പോലെ, ഈ ജന്മത്തില്‍ നിഷ്കളങ്കര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ മുന്‍ജന്മങ്ങളിലെ പാപത്തിന്‍റെ പ്രതിഫലം എന്ന വാദം ഉയര്‍ത്താന്‍ സാധിക്കില്ല. ആറു ദിവസം കൊണ്ട് പ്രപഞ്ച സൃഷ്ടി നടത്തിയ നിങ്ങളുടെ ദൈവം എന്തിനാണ് ഓരോ ദിവസം കഴിഞ്ഞപ്പോളും എല്ലാം നന്നായിരിക്കുന്നു എന്ന് ആത്മഗതം ചെയ്തത്? അയാളെ ഇപ്പോള്‍ ഒന്ന് വിളിക്കൂ. ഇന്ന് വരെയുള്ള ചരിത്രങ്ങള്‍ ഒന്ന് പറഞ്ഞു കൊടുക്കൂ. ഇന്നത്തെ സ്ഥിതിഗതികളും മനസ്സിലാക്കി കൊടുക്കൂ. എല്ലാം നന്നായിരിക്കുന്നു എന്ന് പറയാന്‍ അയാളുടെ നാവ് പൊന്തുമോ?
കല്‍ത്തുറുങ്കുകളിലെ ഇരുട്ടറകളില്‍, ചെറ്റകളില്‍, ചേരികളില്‍, പതിനായിരങ്ങള്‍ വിശന്നു മരിക്കുമ്പോള്‍, കൊടിയ ചൂഷണങ്ങളിലൂടെ മുതലാളിത്ത രക്ഷസ്സുകള്‍ തൊഴിലാളി വര്‍ഗത്തിന്‍റെ രക്തം ഊറ്റി കുടിക്കുമ്പോള്‍, സാമാന്യ ബോധമുള്ള ഏതൊരുവനും ഭയചകിതനാവുന്ന വിധം മനുഷ്യ ഊര്‍ജ്ജം മലിനമാക്കപ്പെടുമ്പോള്‍, ഉത്പാദനത്തിന്റെ മിച്ചം ഉത്പാദകരായ അടിസ്ഥാന വര്‍ഗത്തിന് വിതരണം ചെയ്യുന്നതിന് പകരം അവരുടെ അസ്ഥികളാല്‍ അടിത്തറ തീര്‍ത്ത രാജകൊട്ടാരങ്ങളും പ്രഭു മന്ദിരങ്ങളും മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുമ്പോള്‍, ഇതൊക്കെ നോക്കിക്കൊണ്ട് നിങ്ങളുടെ ദൈവത്തിന് പറയാന്‍ സാധിക്കുമോ എല്ലാം നന്നായിരിക്കുന്നു എന്ന്? അതാണ് എന്‍റെ ചോദ്യം. നിങ്ങള്‍ നിശബ്ദരാണ് എങ്കില്‍ ഞാന്‍ തുടരാം.
ഹിന്ദുക്കളായ ജന്തുക്കളെ, ഈ ജന്മത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ ഒക്കെ കഴിഞ്ഞ ജന്മത്തിലെ പാപികള്‍ ആയിരുന്നു എന്നാണല്ലോ നിങ്ങളുടെ വാദം. അപ്പോള്‍ പിന്നെ ഇന്നത്തെ ചൂഷക വര്‍ഗ്ഗം കഴിഞ്ഞ ജന്മങ്ങളില്‍ മഹാന്മാര്‍ ആയിരുന്നിരിക്കണം, അതിന്റെ പ്രതിഫലം ആയിരിക്കണം ഈ ജന്മത്തില്‍ അവര്‍ ആസ്വദിക്കുന്ന അധികാരം. നിങ്ങളുടെ പിതാമഹന്മാര്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ തക്കവണ്ണം സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നതില്‍ മിടുക്കരായിരുന്നു എന്ന് അംഗീകരിക്കാതെ വയ്യ. പക്ഷേ വിശദമായ യുക്തിചിന്തയില്‍ ഈ വാദങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നവയല്ല എന്ന് നമുക്ക് വഴിയേ കാണാം.
തെറ്റ് ചെയ്ത ഒരുവന് ശിക്ഷ വിധിക്കുന്നത്, അടിസ്ഥാനപരമായി മൂന്നു ലക്ഷ്യങ്ങളില്‍ ഊന്നിയാണ്. പ്രതികാരം, പരിഷ്കരണം, പ്രതിരോധം എന്നിവയാണ് ആ മൂന്നു ലക്ഷ്യങ്ങള്‍. ഇതില്‍ തന്നെ പ്രതികാര സിദ്ധാന്തം ആധുനിക ചിന്തകന്മാര്‍ എല്ലാം അവജ്ഞയോടെ നോക്കികാണുന്ന ഒന്നാണ്. പ്രതിരോധ സിദ്ധാന്തവും അത്ര സ്വീകാര്യമായ ഒന്നല്ല. മനുഷ്യ പുരോഗതിക്ക് സഹായകമായതും ഒഴിച്ചുകൂടാന്‍ പറ്റാത്തതും പരിഷ്കരണ സിദ്ധാന്തം മാത്രമാണ്. കുറ്റവാളിയെ യോഗ്യനായ, സമാധാന പ്രിയനായ ഒരു പൌരനായി സമൂഹത്തിനു തിരിച്ചു നല്‍കുക എന്നതാണ് അതിന്‍റെ ലക്ഷ്യം. എന്നാല്‍ ദൈവത്തിന്‍റെ ശിക്ഷകള്‍ ഏതു തരത്തില്‍ ഉള്ളവയാണ് എന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം. നിങ്ങള്‍ പറയുന്നു, പാപിയായ മനുഷ്യനെ ദൈവം പശുവായോ, പൂച്ചയായോ, മരമായോ, രാക്ഷസനായോ ഒക്കെ ജനിക്കാന്‍ പറഞ്ഞുവിടുന്നു എന്ന്. ഇത്തരത്തില്‍ 84 ലക്ഷം ശിക്ഷകള്‍ ഉണ്ടെന്നാണ് നിങ്ങളുടെ പുസ്തകത്തില്‍. ഞാന്‍ ചോദിക്കട്ടെ, ഈ ശിക്ഷകള്‍ എങ്ങനെയാണ് ഒരു മനുഷ്യനെ പരിഷ്കരിക്കുക? മുന്‍ജന്മ പാപങ്ങള്‍ കാരണം കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു കഴുത ആയിരുന്നു എന്ന് പറയുന്ന ആരേയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ പുരാണങ്ങളില്‍ നിന്നുള്ള കഥകള്‍ എനിക്ക് കേള്‍ക്കേണ്ട. ഞാന്‍ ഇന്ന് ഇവിടെ ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റിയാണ് സംസാരിക്കുന്നത്. ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും വലിയ പാപം ദാരിദ്ര്യം ആണ് എന്ന് നിങ്ങള്‍ക്കറിയുമോ? അതെ, ദാരിദ്ര്യം ഒരു ശിക്ഷയും, പാപവും ആണ്. മനുഷ്യനെ തന്‍റെ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരം ശിക്ഷകള്‍ നടപ്പിലാക്കുന്ന ഒരു കുറ്റാന്വേഷകനെയോ, ന്യാധിപനെയോ, നിയമ നിര്‍മാതാവിനെയോ, നിങ്ങള്‍ എങ്ങനെയായിരിക്കും വിലയിരുത്തുക? നിങ്ങളുടെ ദൈവം ഇതിനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്ന് തോന്നുന്നു, അല്ലെങ്കില്‍ അയാള്‍ക്കും ഇതൊക്കെ അനുഭവങ്ങളിലൂടെ പഠിക്കേണ്ടി വന്നിരിക്കും. നിരക്ഷകരായ തോട്ടികളുടെ ഗൃഹത്തില്‍ ജനിക്കേണ്ടി വന്ന ഒരു കുഞ്ഞിന്‍റെ ഭാവി എന്തായിരിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്? ദരിദ്രനായ കാരണം അവന് വിദ്യാഭ്യാസം നിഷേധിക്കപ്പെടും, മറ്റു ജാതിയില്‍ പെട്ടവരെല്ലാം അവനെ അവജ്ഞയോടെ നോക്കും. അവന്‍റെ ദാരിദ്ര്യവും, അറിവില്ലായ്മയും, മറ്റുള്ളവരില്‍ നിന്ന് നേരിടേണ്ടി വന്ന അവജ്ഞയും അവനെ ഒരു കഠിനഹൃദയന്‍ ആക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അവന്‍ ചെയ്യുന്ന പാപത്തിന്‍റെ ഫലം ആരാണ് അനുഭവിക്കേണ്ടത്? അവനോ, അതോ അവനെ അങ്ങനെ ആക്കിതീര്‍ത്ത സമൂഹമോ? നിങ്ങളുടെ മഹത്തായ വേദങ്ങളിലെ രണ്ടുമൂന്നു വരികള്‍ കേട്ടതിനു ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കപ്പെട്ടവരുടെ, അഹങ്കാരികളായ ബ്രാഹ്മണരുടെ വഞ്ചനയില്‍ തലമുറകളായി ആജ്ഞതയില്‍ കഴിഞ്ഞ ജനവിഭാഗങ്ങളുടെ ശിക്ഷയെ പറ്റി നിങ്ങള്‍ക്കെന്താണ് പറയുവാനുള്ളത്? അവര്‍ എന്തെങ്കിലും തെറ്റുചെയ്താല്‍ ആരാണ് ഉത്തരവാദി? ആരെയാണ് ശിക്ഷിക്കേണ്ടത്? എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഈ സിദ്ധാന്തങ്ങളെല്ലാം സവര്‍ണ്ണ മാടമ്പിമാരുടെ സൃഷ്ടിയാണ്. പൊതുസമൂഹത്തെ കൊള്ളയടിച്ച് അവര്‍ നേടിയ ധനവും, അധികാരവും, മേല്‍ക്കോയ്മയും മറ്റും ന്യായീകരിക്കാനായി അവര്‍ കണ്ടുപിടിച്ച സിദ്ധാന്തങ്ങള്‍. അതെ, അപ്ടണ്‍ സിങ്ക്ലയറുടെ ആണെന്ന് തോന്നുന്നു, പ്രസിദ്ധമായ ഒരു വാക്യം ഉണ്ട് - "നിങ്ങള്‍ക്ക് ഒരു മനുഷ്യന്‍റെ ധനവും മറ്റു വസ്തുവകകളും കൊള്ളയടിക്കണം എങ്കില്‍ ആദ്യം അവനെ അനശ്വരതയില്‍ വിശ്വസിപ്പിച്ചാല്‍ മതി, പിന്നെ അവനെ കൊള്ളയടിക്കാന്‍ അവന്‍ തന്നെ നിങ്ങളെ സഹായിക്കും" എന്ന്. മത മേലാളന്മാരുടെയും അധികാരികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഈ നാട്ടില്‍ കൈവിലങ്ങുകളും, കല്‍ത്തുറുങ്കുകളും തീര്‍ത്തത്, കൂടെ ഇത്തരം സിദ്ധാന്തങ്ങളും.
ഒരു മനുഷ്യന്‍ ഒരു പാതകമോ, പാപമോ ചെയ്യുന്ന സമയത്ത് സര്‍വ്വശക്തനായ നിങ്ങളുടെ ദൈവം അവനെ തടയാത്തത് എന്തുകൊണ്ടാണ്? ഒരാള്‍ക്ക് പാപം ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. ലോകത്തുള്ള യുദ്ധ കൊതിയന്മാരെയോ അല്ലെങ്കില്‍ യുദ്ധ കൊതിയേയോ തന്നെ ഇല്ലാതെ ആക്കിയിരുന്നെങ്കില്‍ മഹായുദ്ധം വിതച്ച നാശനഷ്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാമായിരുന്നു. എന്തുകൊണ്ട് നിങ്ങളുടെ ദൈവം അതിന് തയ്യാറായില്ല? എന്തുകൊണ്ട് നിങ്ങളുടെ ദൈവം ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രം ആക്കുന്നില്ല? മുതലാളിമാരെ ഒക്കെ മനുഷ്യസ്നേഹികള്‍ ആക്കുവാനും, തങ്ങളുടെ സ്വത്തുവകകള്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യിക്കുവാനും - അങ്ങനെ അടിസ്ഥാന വര്‍ഗത്തെ മുഴുവന്‍ സാമ്രാജ്യത്ത്വത്തിന്‍റെ ഉരുക്ക് മുഷ്ടിയില്‍ നിന്ന് മോചിപ്പിക്കാനും നിങ്ങളുടെ ദൈവം വിചാരിച്ചാല്‍ സാധിക്കില്ലേ? സോഷ്യലിസത്തിന്‍റെ പ്രായോഗിക ന്യൂനതകളെ പറ്റി നിങ്ങള്‍ സംശയം പ്രകടിപ്പിക്കാറുണ്ടല്ലോ, എങ്കില്‍ നിങ്ങളുടെ സര്‍വ്വശക്തന്‍ ആ ന്യൂനതകള്‍ പരിഹരിക്കട്ടെ, ഞാന്‍ വെല്ലുവിളിക്കുന്നു. പൊതുജന ക്ഷേമത്തില്‍ സോഷ്യലിസത്തിന്‍റെ സാധ്യതയെ പറ്റി ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ ഇടയില്ല. പ്രായോഗികമല്ല എന്ന വാദമാണ് സോഷ്യലിസത്തിന്‍റെ ശക്തരായ എതിരാളികള്‍ പോലും ഉയര്‍ത്തുന്നത്. സര്‍വ്വശക്തനായ ദൈവം വിചാരിച്ചാല്‍ ഇതിനൊരു ക്രമവും, വ്യവസ്ഥയും ഉണ്ടാക്കാമല്ലോ. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നത് ദൈവം പറഞ്ഞിട്ടില്ല, മറിച്ച് അധികാരം അവരുടെ കയ്യില്‍ ആയതുകൊണ്ടും നമ്മള്‍ അവരെ എതിര്‍ക്കാന്‍ ധൈര്യപ്പെടാത്തത് കൊണ്ടും ആണ്. ഇന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടീഷുകാരെ സഹായിച്ചത് ദൈവം അല്ല, പീരങ്കിയും, തോക്കും, ബോംബും, പോലീസും, പട്ടാളവും മറ്റുമാണ്. നമ്മുടെ നാടിനെ മുച്ചൂടും ചൂഷണം ചെയ്തുകൊണ്ട് ഒരു സമൂഹത്തിനു മേല്‍ നടത്താവുന്ന ഏറ്റവും വഷളായ പാപകര്‍മ്മം അവര്‍ നടത്തുന്നതോ, നമ്മുടെ നിഷ്ക്രിയത്വം കാരണവും. ഇവിടെ ഈ കൊടിയ പാതകം നടക്കുമ്പോള്‍ നിങ്ങളുടെ ദൈവം എവിടെ പോയി ഒളിച്ചിരിക്കുന്നു? ഈ കഷ്ടതകള്‍ എല്ലാം കണ്ട് ആസ്വദിക്കുന്ന മറ്റൊരു നീറോ ചക്രവര്‍ത്തി ആണോ അയാള്‍. അങ്ങനെ ഒരു ദൈവം ഇല്ലാണ്ടെ ആവുന്നത് തന്നെയാണ് നല്ലത്.
ഈ പ്രപഞ്ചത്തിന്റെയും, മനുഷ്യന്റെയും ഉത്ഭവത്തെ പറ്റി നിങ്ങള്‍ എന്നെ ചോദ്യം ചെയ്യുമോ? എനിക്കുത്തരം ഉണ്ട്. ചാള്‍സ് ഡാര്‍വിന്‍ ഈ വിഷയം കൈകാര്യം ചെയ്ത ആളാണ്. പോയി അദ്ദേഹത്തെ പഠിക്കൂ. അല്ലെങ്കില്‍ സോഹം സ്വാമിയുടെ 'Commonsense' എന്ന പുസ്തകം വായിക്കൂ. നിങ്ങളുടെ സംശയങ്ങള്‍ക്ക് ഒരു പരിധിവരെ ഒക്കെ ഉത്തരം കിട്ടും. ഇതെല്ലാം സ്വാഭാവിക പ്രതിഭാസങ്ങളാണ്. ഒരു നെബുലയിലെ പൊടിപടലങ്ങള്‍ അടിഞ്ഞു രൂപംകൊണ്ടതാണ് ഈ ഭൂമി. ഇതെപ്പോളായിരുന്നു എന്നറിയാന്‍ ചരിത്രം പഠിക്കണം. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങള്‍ എല്ലാം ഇത്തരം സ്വാഭാവിക പരിണാമത്തിന്റെ ബാക്കിപത്രമാണ്. ഡാര്‍വിന്റെ 'Origin of species' എന്ന പുസ്തകം ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യവംശത്തിന് പിന്നീടുണ്ടായ പുരോഗതി എല്ലാം പ്രകൃതിയുമായി പോരടിച്ചും, പ്രകൃതിയെ കീഴ്പ്പെടുത്തിയും നേടിയെടുത്തതാണ്. ഇത് ഈ വിഷയത്തില്‍ നല്‍കാവുന്ന ഏറ്റവും ചുരുങ്ങിയ ഒരു വിശദീകരണം ആണ്.
മുന്‍ജന്മ പാപങ്ങള്‍ കാരണം അല്ലെങ്കില്‍ പിന്നെ ഒരു കുട്ടി മുടന്തനായോ അന്ധനായോ ജനിക്കുന്നതിന്റെ കാരണം എന്താണെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ജീവശാസ്ത്രം പഠിക്കുന്നവര്‍ ഇതിനെല്ലാം കൃത്യമായ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മാതാ പിതാക്കന്മാരുടെ ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ അശ്രദ്ധ ആണ് മിക്ക സാഹചര്യങ്ങളിലും ഭ്രൂണാവസ്ഥയിലുള്ള കുട്ടിക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടാക്കുന്നത്.
സ്വാഭാവികമായും ഇനി നിങ്ങള്‍ ചോദിക്കാന്‍ സാധ്യത ഉള്ള ഒരു ചോദ്യം - വളരെ ബാലിശമാണ് എങ്കിലും - ദൈവം ഇല്ലെങ്കില്‍ പിന്നെ ആളുകള്‍ എന്തുകൊണ്ടാണ് ദൈവത്തില്‍ വിശ്വസിക്കുന്നത് എന്നതായിരിക്കും. എനിക്ക് വളരെ കൃത്യമായ ഉത്തരമുണ്ട്. ഭൂതങ്ങളിലും പ്രേതങ്ങളിലും ഒക്കെ എങ്ങനെയാണോ മനുഷ്യന്‍ വിശ്വസിച്ചത്, അതുപോലെ തന്നെയാണ് അവന്‍ ദൈവത്തിലും വിശ്വസിച്ചത്. ദൈവം ഒരു ആഗോള പ്രതിഭാസം ആവുകയും, തത്വചിന്താ പരമായ മാനം കൈവരിക്കുകയും ചെയ്തു എന്നേ ഉള്ളൂ. എന്നാല്‍ ചില തീവ്രവാദികള്‍ കരുതുന്ന പോലെ പൊതുസമൂഹത്തെ തങ്ങളുടെ ഇരുമ്പ് മുഷ്ടിക്കുള്ളില്‍ അടക്കി നിര്‍ത്താന്‍ ബുദ്ധിമാന്മാരായ ചൂഷക വര്‍ഗ്ഗം ചമച്ച കെട്ടുകഥയാണ് ദൈവവും, ദൈവദത്തമായ തങ്ങളുടെ അധികാരങ്ങളും എന്ന കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നില്ല. അതേ സമയം തന്നെ എല്ലാ മതങ്ങളും, മതസിദ്ധാന്തങ്ങളും ചൂഷകരായ അധികാരിവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാണ് എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല താനും. രാജാവിനെ എതിര്‍ക്കുന്നത് എല്ലാ മതങ്ങളിലും ഒരു പാപ കര്‍മ്മമാണ്.
ദൈവത്തിന്‍റെ ഉത്ഭവത്തെ പറ്റി ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് ഇങ്ങനെയാണ്. - തന്‍റെ കുറവുകളെ പറ്റിയും, ബലഹീനതകളെ പറ്റിയും ബോധവാനായ മനുഷ്യന്‍, ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കാനും, അപകടങ്ങളെ ധൈര്യത്തോടുകൂടി നേരിടാനും, സമൃദ്ധിയിലും സന്തോഷത്തിലും സ്വയം മറക്കാതിരിക്കാനും, ആയി കണ്ടെത്തിയ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ് ദൈവം. പിതൃതുല്യമായ വാത്സല്യവും, കഠിനമായ നിയമങ്ങളോടും കൂടിയ ദൈവസങ്കല്‍പ്പം അങ്ങനെ ആവിഷ്കരിക്കപ്പെട്ടു. ദൈവത്തിന്‍റെ നിയമങ്ങള്‍ മനുഷ്യനെ സമൂഹത്തിനു അപകടം വരുത്തിവെക്കുന്ന കാര്യങ്ങളില്‍ നിന്നും വിലക്കുന്ന ഒരു പ്രതിരോധമായിരുന്നു. പിതാവായും, മാതാവായും, സഹോദരനോ, സഹോദരിയോ അല്ലെങ്കില്‍ സുഹൃത്തോ ആയും സ്നേഹത്തിന്‍റെ പ്രതീകമായും ദൈവം അവരോധിക്കപ്പെട്ടു. എത്ര കഷ്ടതരമായ ചുറ്റുപാടുകളില്‍ അകപ്പെട്ടാലും, അനാഥനാക്കപ്പെട്ടാലും സര്‍വശക്തനായ ഒരു സുഹൃത്ത് എന്നും തന്‍റെ സഹായത്തിനുണ്ട് എന്നാശ്വസിക്കുവാന്‍ മനുഷ്യന് അങ്ങനെ സാധിച്ചു. ആദ്യ കാലങ്ങളില്‍ ഇത് സമൂഹത്തിനു വളരെ ഗുണം ചെയ്തിട്ടുണ്ടാകാം. കഷ്ടപ്പെടുന്ന മനുഷ്യന് ദൈവം എന്ന ആശയം തീര്‍ച്ചയായും ഒരു ആശ്വാസമാണ്.
എന്നാല്‍ വിഗ്രഹാരാധന അടക്കമുള്ള സങ്കുചിത മത കാഴ്ച്ചപ്പാടുകളെ ഇന്ന് നമ്മുടെ സമൂഹം പുറന്തള്ളേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ സ്വന്തം കാലില്‍ നിവര്‍ന്നു നിന്ന് യാഥാര്‍ത്യങ്ങളെ നേരിടണമെങ്കില്‍ മനുഷ്യന്‍ വിശ്വാസങ്ങളെ വലിച്ചെറിഞ്ഞു ജീവിതത്തിലെ പരീക്ഷണങ്ങളെ ആത്മധൈര്യത്തോടുകൂടി നേരിടാന്‍ ശീലിക്കണം. ഞാന്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ അഹങ്കാരമോ, സുഹൃത്തുക്കളോ അല്ല, മറിച്ച് എന്‍റെ ചിന്താഗതിയും, വിചാരങ്ങളും ആണ് എന്നെ ഒരു നിരീശ്വര വാദി ആക്കിയത്. ദൈവവിശ്വാസവും പ്രാര്‍ഥനകളും എന്നെ സഹായിച്ചാലും ഇല്ലെങ്കിലും ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും സ്വാര്‍ത്ഥവും അധമവും ആയ കാര്യമായിട്ടാണ് ഞാന്‍ അവയെ നോക്കി കാണുന്നത്. അവിശ്വാസികള്‍ പ്രതിസന്ധികളെ ധീരമായി നേരിടുന്നതിനെ പറ്റി ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്. കഴുമരത്തില്‍ ഏറുമ്പോഴും അത് ഉയര്‍ത്തിപ്പിടിച്ച ശിരസ്സോടെ ആയിരിക്കണം എന്നാണ് എന്‍റെ ആഗ്രഹം. അതിനാണ് ഞാന്‍ പരിശ്രമിക്കുന്നതും.
ഞാന്‍ അതില്‍ വിജയിക്കുമോ എന്ന് കാലം തെളിയിക്കും; ഒരു സുഹൃത്ത് എന്നോട് പ്രാര്‍ഥിക്കാന്‍ ആവിശ്യപ്പെടുക ഉണ്ടായി. ഞാന്‍ നിരീശ്വര വാദിയാണ് എന്ന് പറഞ്ഞപ്പോള്‍, അവസാന നാളുകളില്‍ നീ വിശ്വസിക്കാന്‍ തുടങ്ങും എന്നാണ് അയാള്‍ പറഞ്ഞത്. അത് ഒരിക്കലും സംഭവിക്കില്ല എന്ന് ഞാന്‍ മറുപടിയും നല്‍കി. അങ്ങിനെ സംഭവിച്ചാല്‍ അത് എന്നെ സംബന്ധിച്ച് ഒരു വലിയ അപചയം ആയിരിക്കും. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഒരിക്കലും പ്രാര്‍ഥിക്കില്ല. പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇത് അഹങ്കാരം ആണോ? ആണെങ്കില്‍ ഞാന്‍ ഒരു അഹങ്കാരി ആണ്.